ദുബൈ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് – ഖലീല്‍ തങ്ങളുടെ പ്രഭാഷണം ബുധനാഴ്ച

HOLLY-21
ദുബൈ . ഇരുപത്തി ഒന്നാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാള പ്രഭാഷണ വേദിയില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ അസ്സയ്യിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരി 31.05.2017 ബുധനാഴ്ച രാത്രി പത്ത് മണിക്ക് കറാമ ഊദ് മേത്തയിലെ അല്‍ നാസര്‍ ലേഷര്‍ ലാന്‍റ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. സന്തുലിത സമൂഹത്തിന് ഖുര്‍ആനിക ദര്‍ശനം എന്നതാണ് പ്രഭാഷണ വിഷയം. ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്.
പ്രഭാഷണം ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുബൈ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സമ്പന്ധമായ വിവരങ്ങള്‍ 050-5015024 എന്ന നമ്പറില്‍ ലഭിക്കും .സഅദിയ്യ, ഐ.സി.എഫ്. ആര്‍.എസ്.സി ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സഅദിയ്യയുടെ പ്രതിനിധിയായി പങ്കെടുക്കുന്ന സയ്യിദ ഇബ്റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും പ്രബോധന രംഗത്തെ നിറ സാന്നിധ്യവും മുസ്ലിം കൈരളിയുടെ ആത്മീയ നേതാക്കളില്‍ ഒരാളുമാണ്.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ യു.എ.ഇ. ഗവര്‍മെന്‍റ് പ്രതിനിധികള്‍ സമസ്ഥ കേരള ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതര്‍ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.
ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിന്നും പഠനം പ്രോല്‍സാഹിപ്പിക്കുന്നതിന്നുമായി ദുബൈ ഗവണ്‍മെന്‍റ് കഴിഞ്ഞ 20 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുന്‍ പ്രസിഡണ്ടും മുസ്ലിം കേരളത്തന്‍റെ നവോത്ഥാന ശില്‍പിയുമായിരുന്ന നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ സുശക്തമായ മേല്‍ നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിന്‍റെ കീഴില്‍ ദുബൈ ഔഖാഫിന്‍റെ അംഗീകാരത്തോടെ മൂന്ന് പതിറ്റാണ്ടിലധികമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന മത സാമൂഹ്യ സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്‍റര്‍. ദുബൈ ഖിസൈസിലെ വിശാലമായ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പ്രൈമറി സെക്കന്‍‍ഡറി തലങ്ങളിലുള്ള മദ്റസകള്‍ മത പഠന ക്ലാസുകള്‍ ഫാമിലി ഗൈഡന്‍സ് ഖുര്‍ആന്‍ പാരായണ വിശദീകരണ ക്ലാസുകള്‍ ഇസ്ലാമിക് ലൈബ്രറി ഉംറ സര്‍വീസ് ഖുര്‍ആന്‍ ഹദീസ് പഠന കോഴ്സുകള്‍ അറബീ ഭാഷാ പഠന ക്ലാസുകള്‍ തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ദുബൈയിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് ഔഖാഫിന്‍റെ പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങളും മത പഠന ക്ലാസുകളും സഅദിയ്യയുടെ കീഴില്‍ നടന്ന് വരുന്നു. കൂടാതെ റമളാനില്‍ വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ നൂറ് കണക്കിന്നാളുകള്‍ പങ്കെടുക്കുന്നു.