ശുഭ്ര സാഗരം സാക്ഷി, പതിനായിരങ്ങളുടെ മഹാ സംഗമത്തോടെ സഅദിയ്യ സമ്മേളനത്തിന് പ്രൗഢ സമാപ്തി

ദേളി: താജുല്‍ ഉലമയും, നൂറുല്‍ ഉലമയും പകര്‍ന്ന് നല്‍കിയ വിജ്ഞാന സേവന മുന്നേറ്റള്‍ക്ക് തുടര്‍ച്ചയാകുമെന്ന പ്രഖ്യപനത്തോടെ പതിനായിരങ്ങളുടെ മഹാ സംഗമം തീര്‍ത്ത് ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പത്തിയാറാം വാര്‍ഷികത്തിന് പ്രൗഢ ഗംഭീരമാര്‍ന്ന് സമാപ്തി.

മുമ്പേ നടന്ന പണ്ഡിത മഹത്തുകളുടെ ധന്യസ്മരണകള്‍ നിറഞ്ഞു നിന്ന ആണ്ട് നേര്‍ച്ചയ്യും അനുസ്മരണ സമ്മേളനത്തിനും വാര്‍ഷികാഘോഷത്തിനും ആത്മീയ ധന്യത നല്‍കി. ഉന്നത സയ്യിദുമാരുടേയും വിദേശ പ്രതിനിധികളുടേയും പണ്ഡിത ശ്രേഷ്ടരുടെയും സജീവ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ വേദിയില്‍ 247 യുവ പണ്ഡിതര്‍ സഅദി ഉലമാ ബിരുദം സ്വീകരിച്ചു സേവന രംഗത്തിറങ്ങി.

ദക്ഷിണ കര്‍ണാടകയും കണ്ണൂര്‍ കാസര്‍കോട് ജില്ലകളും ഒന്നായി ദേളി സഅദാബാദില്‍ സംഗമിക്കുകയായിരുന്നു. മൂന്ന് ദിനങ്ങളില്‍വിജ്ഞാനം വിതറി നടന്ന വിവിധ സെക്ഷനുകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സമാപന പരിപാടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഉച്ചയോടെ സഅദാബാദ് നിറഞ്ഞു കവിഞ്ഞു. പൊതു സമ്മേളനം തുടങ്ങിയതോടെ മേല്‍പറമ്പ മുതല്‍ ദേളി ജംക്ഷന്‍ വരെ ജനം നിറഞ്ഞോഴുകി. സഅദിയ്യയുടെ അഭിമാനമായി പണി പൂര്‍ത്തിയാക്കിയ അഡ്മിനിസ്േ്രടഷന്‍ ബ്ലോക്ക് താജുല്‍ ഉലമാ സൗധത്തിന്റെ ഉദ്ഘാടനവും ആവേശവുമായി. സമാപന സനദ്ദാന മഹാസമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷ പ്രസംഗം നടത്തി. യു. എ. ഇ. യിലെ പ്രമുഖ പ്രബോധകന്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വ്വഹിച്ചു. സമസ്ത ട്രഷറര്‍ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ, ജോര്‍ദ്ദാന്‍ അംബാസിഡര്‍ ഹസ്സന്‍ മുഹമ്മദ് അല്‍ ജവാര്‍നഹി, അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദി, സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ മുഖ്യാതിഥികളായിരുന്നു.

മജ്‌ലിസുല്‍ ഉലമായി സഅദിഈന്‍ ഏര്‍പ്പെടുത്തിയ പ്രഥമ നൂറുല്‍ ഉലമാ അവാര്‍ഡ് സമസ്ത വൈസ് പ്രസിഡന്റ്ും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ സമ്മാനിച്ചു. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ഏ. പി. അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, എന്‍. വി.്അബ്ദുറസാഖ് സഖാഫി, സി. എം. ഇബ്രാഹിം, മന്ത്രി യൂ.ടി ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈ അബ്ദുല്ല കുഞ്ഞി ഏനപ്പോയ, എസ്. എ. ഖാദര്‍ ഹാജി ബംഗ്ലൂര്‍ തുടങ്ങിയവര്‍ വിവിധ അവര്‍ഡുകള്‍ വിതരണം ചെയ്തു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.