മഹല്ല്‌ ശാക്തീകരണത്തിന്‌ മഹല്ല്‌ ജമാഅത്തുകള്‍ സജ്ജരാകണം – കുമ്പോല്‍ തങ്ങള്‍

ദേളി: മതവിശ്വാസികളുടെ ആധികാരിക സഭയായ മഹല്ല്‌ ജമാഅത്തുകള്‍ മഹല്ല്‌ ശാക്തീകരണത്തിന്‌ സജ്ജരാകണമെന്ന്‌ ജാമിഅ സഅദിയ്യ അറബിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു.

sma image copy
ദേളി സഅദിയ്യയില്‍ മഹല്ല്‌ നവകാലം നവചുവടുകള്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന എസ്‌.എം.എ. ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മഹല്ല്‌ നിവാസികളെ ബാധിക്കുന്ന സമസ്‌ത മേഖലകളിലും മഹല്ല്‌ ഭരണകര്‍ത്താക്കള്‍ അവരുടെതായ ഭാഗധേയത്വം വഹിക്കണം. മഹല്ല്‌ ജമാഅത്തുക്കളെ കരുത്തുറ്റതാക്കുന്നത്‌ മഹല്ല്‌ വാസികളുടെ സാമ്പത്തിക, ശാരീരിക സഹായവും ഒരുമയോടെയുള്ള പ്രവര്‍ത്തനവുമാണ്‌.
ആത്മീയമായ ഉന്നതിയും പ്രാര്‍ത്ഥമിക വിദ്യാഭ്യാസവും ലക്ഷ്യം വെച്ചുള്ള മത പഠന ശാലകള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പരിപോഷിപ്പിക്കേണ്ടതുണ്ട്‌. പിഞ്ചു മനസ്സുകളെ വിശ്വാസ രംഗത്ത്‌ നിന്ന്‌ അടര്‍ത്തിയെടുത്ത്‌ പാശ്ചാത്യ രീതി അടിച്ചേല്‍പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം വര്‍ദ്ധിച്ചു വരികയാണ്‌. ഭാവി തലമുറയെ വിശ്വാസ പരമായ ഉന്നതിയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ വരാന്‍ മതാദ്ധ്യാപകരും രക്ഷിതാക്കളും മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയും കൈകോര്‍ക്കേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.
സമസ്‌ത ജില്ലാ സെക്രട്ടറി എ.പി.അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. നൂറുല്‍ ഉലമാ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ മുഹമ്മദ്‌ ഇബ്രാഹിം അല്‍ ഹൈദ്രൂസി തങ്ങള്‍ നേതൃത്വം നല്‍കി. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌, അഡ്വ.എന്‍.മുഹമ്മദ്‌ ശുഹൈബ്‌ കോഴിക്കോട്‌, കീലത്ത്‌ മുഹമ്മദ്‌ മാസ്‌റ്റര്‍, പ്രൊഫസര്‍ സ്വാലിഹ്‌ സഅദി തളിപ്പറമ്പ എന്നിവര്‍ ആദര്‍ശ പഠനം, സ്ഥാപന മഹല്ല്‌-നിയമ പഠനം, സംസ്‌കരണം, സംഘടന എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.. സംയുക്ത ജമാഅത്ത്‌ ഖാളി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട മഹല്ലുകള്‍ക്ക്‌ സഹായ വിതരണം നടത്തി.
സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്‌. അബ്ദുള്ള കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ടി.പി.അബ്ദുല്‍ റസാഖ്‌ സഅദി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചിപ്പാര്‍, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍, അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ വഹാബ്‌ കൈക്കോട്ട്‌ കടവ്‌, ക്യാമ്പ്‌ അമീര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ 200ഓളം സ്ഥാപന മഹല്ലുകളില്‍ നിന്ന്‌ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപന മേധാവികള്‍, മഹല്ല്‌ ഭാരവാഹികള്‍ എന്നിവരില്‍നിന്ന്‌ തെരെഞ്ഞെടുക്കപ്പെട്ടവരായിരുന്നു സമ്മേളന പ്രതിനിധികള്‍. എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി സ്വാഗതവും സ്വലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.