സഅദിയ്യയുടെ തണലില്‍ ഒരു അനാഥയ്‌ക്ക്‌ കൂടി മംഗല്യ സൗഭാഗ്യം

Posted By salahudeen sullia

Posted By salahudeen sullia

ദേളി: വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത്‌ മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒരു അനാഥ ബാലികയ്‌ക്കു കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. രണ്ട്‌ വര്‍ഷത്തോളമായി സഅദിയ്യ വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന മര്‍ഹൂം മൊയ്‌തീന്‍ കുഞ്ഞിയുടെ മകള്‍ മുശ്‌രിഫയാണ്‌ വിവാഹ ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. കുന്നുങ്കൈ, വാഴപ്പള്ളി യൂസുഫ്‌ ഹാജിയുടെ മകന്‍മുഹമ്മദ്‌ സുഫ്‌യാന്‍ അമാനിയാണ്‌ മുശ്‌രിഫയെ നിക്കാഹ്‌ ചെയ്യാന്‍ മുന്നോട്ട്‌ വന്നത്‌.
15 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തോളമായി പഠിച്ചു വരുന്ന മുശ്‌രിഫ മുക്കടയിലെ മര്‍ഹൂം മൊയ്‌തീന്‍ കുഞ്ഞിയുടെയും ഷരീഫയുടെയും മകളാണ്‌. 6 വര്‍ഷം മുമ്പ്‌ പിതാവ്‌ നഷ്ടപ്പെട്ട മുശ്‌രിഫ ഇപ്പോള്‍ സഅദിയ്യ വനിതാ കോളേജില്‍ അഫ്‌സലുല്‍ ഉലമാ ബി.എയ്‌ക്ക്‌ പഠിച്ചുകൊണ്ടിരിക്കെയാണ്‌ വിവാഹ സൗഭാഗ്യമുണ്ടായത്‌. സഅദിയ്യയുടെ തണലില്‍ ഇതോടെ 31 പെണ്‍ കുട്ടികള്‍ക്ക്‌ മംഗല്യ സൗഭാഗ്യം ഉണ്ടായി.
സഅദിയ്യ മസ്‌ജിദ്‌ യൂസുഫ്‌ നസ്‌റുല്ലയില്‍ നൂറ്‌ കണക്കിന്‌ പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ്‌ സദസ്സിന്‌ സംയുക്ത ജമാഅത്ത്‌ ഖാസി ശൈഖുനാ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, ബെള്ളിപ്പാടി അബ്ദുള്ള മുസ്ല്യര്‍, ബി.എസ്‌.അബ്ദുല്ല കുഞ്ഞി ഫൈസി, അബ്‌ുല്‍ ലത്വീഫ്‌ സഅദി കൊട്ടില, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ്‌ സഅദി ദേലംപാടി, മുഹ്‌യദ്ധീന്‍ സഅദി ചേരൂര്‍, അബ്ദള്ള ഫൈസി നെക്രാജെ, അബ്ദല്‍ ഗഫാര്‍ സഅദി റണ്ടത്താണി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, ശറഫുദ്ധീന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍,അബ്ദുല്‍ വഹാബ്‌ എം.എ., ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദല്‍ റഹ്‌മാന്‍ അഹ്‌സനി, ഇബ്രാഹിം സഅദി മുഗു, സുബൈര്‍ എയ്യള തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുന്നതിനും ഉത്സാഹിക്കുന്നത്‌ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്‌.